കർണാടകയിലെ മൂന്ന് രാജ്യസീറ്റുകളിലും കോൺഗ്രസിന് ജയം; ബിജെപി എംഎൽഎ ക്രോസ് വോട്ട് ചെയ്തു, ബിജെപിക്ക് ഒരു സീറ്റിൽ ജയം

കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി ജെ പി – ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി എ സ്ഥാനാർഥി ഡി കുപേന്ദ്രറെഡ്ഡി തോറ്റു.

ഇതിനിടെ വോട്ടെടുപ്പിൽ രണ്ട് ബി ജെ പി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എം എൽ എ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എൽ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എൽ എ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബി ജെ പി. 45 വോട്ടുകളാണ് ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്. കുതന്ത്രങ്ങൾക്ക് മേൽ ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ പ്രതികരണം.

വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് ലഭിച്ചത് 45 വോട്ടാണ്. ബി ജെ പിയുടെ നാരായൺസ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാൽ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *