കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന്

കോൺഗ്രസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് വോട്ടെടുപ്പ് നടക്കും. 19 നാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പുതിയ എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രവർത്തക സമിതി യോഗം വെർച്വലായി ആരംഭിച്ചത്. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെയാണ് പ്രവർത്തക സമിതി യോഗം ചേർന്നതെന്നതും ശ്രദ്ധേയമാണ്.

സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. പാദസേവകരുടെ നിയന്ത്രണത്തിലാണ് കോൺഗ്രസ് പാർട്ടിയെന്നും രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചുവെന്നും ആസാദ് തുറന്നടിച്ചിരുന്നു. 2013 ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണു പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നതെന്നും രാജിക്കത്തിൽ ആസാദ് ആക്ഷേപിച്ചു.

യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓഡിനൻസ് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ കാര്യങ്ങളടക്കം ഗുലാം നബി ആസാദ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *