കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങളുന്നയിച്ചത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ ആ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദിയുടെ ഏപ്രിള്‍ ഫൂള്‍ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഏവരും കണ്ടതാണെന്നും തങ്ങളുടെ അനുഭവസമ്പത്തിന്റേയും ആത്മവിശ്വാസത്തിന്റേയും തെളിവാണതെന്നും മോദി വ്യക്തമാക്കി.

മുന്‍സര്‍ക്കാരുകള്‍ വോട്ട് ബാങ്കുകളുടെ പ്രീണനത്തില്‍ മാത്രമാണ് ജാഗ്രത പുലര്‍ത്തിയിരുന്നതെന്നും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതില്‍ യാതൊരു ശ്രദ്ധയും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. യാതൊരു പരിഹാരവും ഉണ്ടാകാനിടയില്ലെന്നറിയുന്നതിനാല്‍ 2014ന് മുമ്പ് റെയില്‍വേ സംബന്ധിയായ പരാതികള്‍ യാത്രക്കാര്‍ ഉന്നയിക്കാറുണ്ടായിരുന്നില്ലെന്നും മോദി പരിഹസിച്ചു. 2014 ന് ശേഷം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കങ്ങളാണ് രാജ്യത്തെ ചില വ്യക്തികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രാജ്യത്തിനകത്തും പുറത്തും അവര്‍ക്കതിന് സഹായം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. എന്നാലിന്ന് ഓരോ ഇന്ത്യാക്കാരനും മോദിയുടെ സുരക്ഷാകവചമായി വര്‍ത്തിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *