‘കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരം’; ജഡ്ജി ദൈവമല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്.

ലോർഡ്ഷിപ്പ് എന്നും ലേഡിഷിപ്പ് എന്നും സാധാരണ ജഡ്ജിമാരെ അഭിസംബോധന ചെയ്യാറുണ്ട്. ജനങ്ങളെ സേവിക്കുന്നവർ എന്ന നിലയിൽ ജഡ്ജിമാരുടെ റോൾ മാറ്റാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റുള്ളവരെ സേവിക്കാനുള്ളവരെന്ന് സ്വയം കണക്കാക്കുമ്പോൾ നിങ്ങളിൽ അനുകമ്പ, സഹാനുഭൂതി എന്നിവ നിറയും. ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് അത് ചെയ്യുന്നത്. കാരണം എല്ലാത്തിനുമൊടുവിൽ ഒരു മനുഷ്യനാണ് ശിക്ഷിക്കപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

വൈവിധ്യം, ഉൾക്കൊള്ളൽ, സഹിഷ്ണുത തുടങ്ങി ഭരണഘടനാ ധാർമികതയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനാപരമായ ധാർമ്മികത സുപ്രിം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്കും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *