കൊൽക്കത്തയിൽ ഡോക്ടറെ മരണം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളി. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണു വിവരം.

പ്രതിയിൽനിന്നു ശേഖരിച്ച ഡിഎൻഎ ഡൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ അന്തിമ റിപ്പോർട്ട് എത്തിയാൽ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോർഡ് ചെയ്തിട്ടുണ്ട്. ഇതിൽ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേതും ഉൾപ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇന്നുരാവിലെ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ വാദം ഇന്നലെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *