കൊവിഡ് വ്യാപനം; രാജ്യത്ത് വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്

വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും  വിമാനങ്ങൾക്ക് നിയന്ത്രണം വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. 

അമേരിക്ക, ജപ്പാൻ, ചൈന, ബ്രസീൽ അടക്കമുള്ള പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വൻ വർധന. 

Leave a Reply

Your email address will not be published. Required fields are marked *