ഓപ്പറേഷൻ തീയറ്ററിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടാൻ അത്യാഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്

പ്രതിയെ പിടികൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസറെ പിടികൂടാനാണ് ഋഷികേശിലെ എയിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് പൊലിസ് ജീപ്പുമായി എത്തിയത്. ഇരുവശത്തും രോഗികള്‍ കിടക്കുന്ന കട്ടിലുകള്‍ക്ക് ഇടയിലൂടെ വാര്‍ഡിലേക്ക് ജീപ്പുമായി എത്തിയ പൊലീസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തിന് വഴിയൊരുക്കുന്നതും വീഡിയോയില്‍ കാണാം.ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് നഴ്‌സിങ് ഓഫീസര്‍ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. നഴ്‌സിങ് ഓഫീസറായ സതീഷ് കുമാര്‍ വനിതാ ഡോക്ടര്‍ക്ക് അശ്ലീല ചുവയോടെ ഫോണില്‍ സന്ദേശമയച്ചെന്ന പരാതിയും ലഭിച്ചതായി ഋഷികേശ് പൊലീസ് ഓഫീസര്‍ ശങ്കര്‍ സിങ് പറഞ്ഞു.

നഴ്സിങ് ഓഫീസറെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് എയിംസ് ഋഷികേശിലെ മറ്റു ഡോക്ടര്‍മാര്‍ ഡീനിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരിന്നു.ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ പൊലീസ് പ്രതിയെ പിടികൂടാനായി വാഹനവുമായി അകത്തേക്ക് കയറുകയായിരുന്നു. സസ്‌പെന്‍ഷനിലുള്ള സതീഷിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ആശുപത്രിയില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *