ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണെന്ന് ഷമ മുഹമ്മദ്; വിമർശനവുമായി ബിജെപി: പ്രതിഷേധമുയർന്നതോടെ പോസ്റ്റ് പിൻവലിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്കെതിരെയുള്ള പരാമർശത്തിൽ പുലിവാല് പിടിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധം സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചു.

ഷമ പോസ്റ്റ് ചെയ്തതിങ്ങനെ: ‘‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’’.

​തൊട്ടുപിന്നാലെ വിമർശനവുമായി ബിജെപി നേതാക്കളെത്തി. ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനാവാല എക്സിൽ കുറിച്ചതിങ്ങനെ: ‘‘രാഹുൽ ഗാന്ധിയെന്ന ക്യാപ്റ്റന് കീഴിൽ 90 തെരഞ്ഞെടുപ്പുകൾ തോറ്റവരാണ് രോഹിത് ശർമ​ മോ​ശമെന്ന് പറയുന്നത്. ഡൽഹിയിലെ ആറ് ഡക്കുകൾ ഉൾപ്പെടെയുള്ള 90 തെരഞ്ഞെടുപ്പ് തോൽവികൾ അവർക്ക് ആകർഷകവും ട്വന്റി 20 ലോകകപ്പ് വിജയം അനാകർഷകവുമായിരിക്കും’’

പ്രതിഷേധമുയർന്നതോടെ ഷമയുടെ പ്രസ്താവന തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കായിക താരങ്ങളുടെ അന്തസ്സിനെ ഇടിക്കുന്ന ഒരു പ്രസ്താവനയോടും യോജിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു.

ഒടുവിൽ വിശദീകരണവുമായി ഷമ തന്നെ നേരിട്ടെത്തി. ബോഡി ഷെയിമങ്ങല്ല ഉദ്ദേശിച്ചതെന്നും പൊതുവായ കാര്യമാണ് പറഞ്ഞതെന്നുമാണ് ഷമയുടെ വിശദീകരണം. ഒരു കായിക താരം ഫിറ്റായിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം തടികൂടുതലായതുകൊണ്ട് പറഞ്ഞതാണെന്നും ഷമ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മുൻ ക്യാപ്റ്റമാരെ താരതമ്യപ്പെടുത്തിയാണ് പറഞ്ഞതെന്നും അതിന് തന്നെ ആക്രമിക്കുകയാണെന്നും ഷമ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *