‘ഏകാഗ്രമായിരിക്കൂ, ഫോൺ മാറ്റി വെക്കൂ’; മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാൻഡിലിൽ വന്ന ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്. 2023-24 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളർച്ചയെ കുറിച്ചാണ് നരേന്ദ്ര മോദി ധ്യാനത്തിനിടെ ട്വീറ്റ് ചെയ്തത്. 2023-24 സാമ്പത്തിക വർഷം രാജ്യം 8.2 ശതമാനം വളർച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾക്ക് അതിന് നന്ദി പറയുന്നുവെന്നുമാണ് മോദി എക്സിൽ കുറിച്ചത്. ‘ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോൺ ദൂരെ മാറ്റി വെക്കൂ’ എന്നാണ് മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പരിഹസിച്ചത്.

നരേന്ദ്രമോദിയുടെ ട്വീറ്റിന് താഴേയും നിരവധി പേർ പരിഹാസ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കന്യാകുമാരിയിൽ ധ്യാനം ചെയ്യുന്ന താങ്കൾക്ക് എങ്ങനെയാണ് അതേസമയം എക്സ് ഉപയോഗിക്കാൻ കഴിയുക എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ധ്യാനസമയത്ത് ട്വീറ്റ്-ബ്രേക്ക് എടുക്കുന്നത് ഉചിതമാണോ സാർ?’ എന്നാണ് മറ്റൊരു കമന്റ്. ട്വിറ്റർ ഉപയോഗിച്ച് താങ്കൾ എന്തുതരം ധ്യാനമാണ് ചെയ്യുന്നത് എന്നും ഒരാൾ ചോദിച്ചു.

വ്യാഴാഴ്ച രാത്രി ഏഴരമണിയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂർ നീണ്ടുനിൽക്കുന്ന ധ്യാനമാണ് മോദി നടത്തുന്നത് എന്നാണ് പുറത്തുവന്ന വിവരം. ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *