എൻഡിഎ സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തിലെ സഖ്യസർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

”അബദ്ധത്തില്‍ രൂപീകരിച്ചതാണ് എന്‍ഡിഎ സര്‍ക്കാര്‍. ജനവിധി മോദിക്കനുകൂലമായിരുന്നില്ല. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാം. അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു. അത് നാടിന് നന്‍മ വരുത്തും. രാജ്യത്തെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കണം. പക്ഷേ, എന്തെങ്കിലും നല്ല രീതിയിൽ തുടരാൻ അനുവദിക്കാത്തതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പതിവ്. എന്നാൽ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ സഹകരിക്കും” ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മോദിക്കും സഖ്യസര്‍ക്കാരിനുമെതിരായ ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ ജെ.ഡി.യു രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ പ്രധാനമന്ത്രിമാരുടെ സ്‌കോർകാർഡിനെക്കുറിച്ച് പരാമര്‍ശിച്ച ജെ.ഡി.യു ആര്‍.ജെ.ഡിയോട് തങ്ങളുടെ പിന്നില്‍ വരി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മുൻ ബിഹാർ ഐപിആർഡി മന്ത്രിയും ജെഡിയു എംഎൽസിയുമായ നീരജ് കുമാർ ഖാർഗെയെ ചോദ്യം ചെയ്യുകയും പി.വി നരസിംഹ റാവുവിൻ്റെയും മൻമോഹൻ സിങ്ങിൻ്റെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ സ്‌കോർകാർഡുകൾ ചോദിക്കുകയും ചെയ്തു.

2024ൽ ബി.ജെ.പി നേടിയതിന് സമാനമായ സീറ്റുകളാണ് 1991ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഖാർഗെക്ക് കോൺഗ്രസിൻ്റെ പാരമ്പര്യം അറിയില്ലേയെന്ന് കുമാർ ചോദിച്ചു.കോണ്‍ഗ്രസ് 99ല്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഖാര്‍ഗെയെ പിന്തുണച്ച് ആര്‍.ജെ.ഡി രംഗത്തെത്തി. “ഖാർഗെ പറഞ്ഞത് ശരിയാണ്! ജനവിധി മോദി സർക്കാരിനെതിരായിരുന്നു. വോട്ടർമാർ അദ്ദേഹത്തെ അംഗീകരിച്ചില്ല. എന്നിട്ടും അദ്ദേഹം അധികാരലെത്തി” ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *