മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിൽ എട്ടുവയസുള്ള മകളെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ 37കാരിയായ അമ്മയും താഴേയ്ക്ക് ചാടി ജീവനൊടുക്കി. ഫ്ലാറ്റിലെ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. അടുത്തിടെയായി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന യുവതി കഴിഞ്ഞദിവസം രാവിലെ മകളെയുമെടുത്ത് മുറിയിൽ കയറുകയായിരുന്നു.
മൈഥിലി ദുവാ എന്ന 37കാരിയും 8 വയസുള്ള മകളുമാണ് മരിച്ചത്. പൻവേലിലെ പാലാപ്സിലെ മാരത്തോൺ നെക്സ്റ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. യുവതി മുറിയിൽ കയറി വാതിൽ അടച്ചത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കതക് തുറക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് മുറിക്കുള്ളിൽ നിന്ന് എട്ട് വയസുകാരിയും അമ്മയോട് മുറി തുറക്കാൻ ആവശ്യപ്പെട്ട് കരയുന്നതും കേട്ടിരുന്നുവെന്നാണ് 37കാരിയുടെ ഭർത്താവ് ആശിഷ് വിശദമാക്കുന്നത്. എന്നാൽ ബാൽക്കണിയിലെത്തിയ യുവതി മകളെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട ശേഷം കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. ഭർത്താവും ഫ്ലാറ്റിലെ ജീവനക്കാരും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.