എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മഹാരാഷ്ട്രയിലെ കോൺഗ്രസ് ; മഹാവികാസ് അഘാടി ഭരണം നേടുമെന്ന് നാന പടോളെ

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷൻ നാനാ പടോളെ. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എക്‌സിറ്റ്‌പോളുകൾ പൂർണമായും തെറ്റാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ അധികാരത്തിലെത്താനോ തൂക്കു സഭക്കോ ആണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പറയുന്നത്.

ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറഞ്ഞിരുന്നത്. അവിടെ തങ്ങൾ തോറ്റു. ഇത്തവണ അവർ തങ്ങളുടെ തോൽവി പ്രവചിക്കുന്നു. ഉറപ്പായും തങ്ങൾ ജയിക്കും. മഹാരാഷ്ട്രയിൽ വിജയിക്കുമെന്ന ബിജെപി അവകാശവാദം പടോളെ പൂർണമായും തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിട്ടും ജയിക്കാനായിട്ടില്ല. അദ്ദേഹത്തിന് കഴിയാത്തത് ദേവേന്ദ്ര ഫഡ്‌നാവിസിനും ഏക്‌നാഥ് ഷിൻഡെക്കും മഹാരാഷ്ട്രയിൽ സാധിക്കില്ലെന്നും പടോളെ പറഞ്ഞു.

എംവിഎ സഖ്യം എത്ര സീറ്റ് നേടുമെന്ന് പ്രവചിക്കാൻ പടോളെ തയ്യാറായില്ല. വിദർഭ മേഖലയിൽ മാത്രം കോൺഗ്രസ് 35 സീറ്റ് നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 288 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടാൻ 145 സീറ്റ് വേണം. കോൺഗ്രസ് 103 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 സീറ്റിലും എൻസിപി ശരദ് പവാർ പക്ഷം 87 സീറ്റിലുമാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *