‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ മമത ബാനർജി പങ്കെടുക്കില്ല

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപനയോഗത്തിൽ പങ്കെടുക്കാത്തത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് എന്നാണ് മമതയുടെ വിശദീകരണം.

അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിനോട് കടുത്ത അതൃപ്തിയാണ് മമതയ്ക്കുള്ളതെന്ന് റിപ്പോർട്ടുണ്ട്. താൻ യോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കൻ ബംഗാളിൽ ഏഴുദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുമെന്നാണ് മമതയുടെ പ്രതികരണം.യോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ ഈ പരിപാടി നടത്തുമായിരുന്നില്ല. തീർച്ചയായും പോകുമായിരുന്നു. യോഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതിനാൽ വടക്കൻ ബംഗാൾ പര്യടനത്തിന് പോകുന്നുവെന്ന് മമത പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നില്ല. ഇന്ത്യ സഖ്യത്തിൽ സീറ്റ് പങ്കിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായ അനാസ്ഥയാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലെന്ന് നേരത്തെ മമത പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കോൺഗ്രസാണെന്നും ജനങ്ങളല്ലെന്നും മമത ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *