ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ വൻ ലഹരിവേട്ട. 2,386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ബോട്ടിൽ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്‌തുക്കൾ കണ്ടെടുത്തത്. വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ കീഴിലുള്ള യുദ്ധക്കപ്പൽ-ഐഎൻഎസ് തർകശ് ആണ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തത്.
മാർച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്‌പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയർക്രാഫ്റ്റിൽനിന്ന് ഐഎൻഎസ് തർകശിന് ലഭിക്കുന്നത്. തുടർന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളിൽ പരിശോധന നടത്തുകയും ഒന്നിൽനിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു.
ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.