‘ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ പരമാവധി 50 ശതമാനം എന്ന പരിധി എടുത്ത് കളയും ‘ ; രാഹുൽ ഗാന്ധി

ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുൽ ഗാന്ധി. ഭരണഘടനയും പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. അധികാരത്തിലെത്തിയാൽ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവർഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾ എന്തുകൊണ്ടാണ് താങ്കളുടെ ആളുകൾ ഗോത്രവർഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുൽ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്‌നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുൽ പറഞ്ഞു. 150 സീറ്റ് പോലും അവർക്ക് കിട്ടില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തും, കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *