ഇതും അതുല്യ ഭാരതത്തിൽ..! മഴ പെയ്യാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ചു

ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരുകുറവുമില്ല. ചില സംഭവങ്ങൾ കേട്ടാൽ നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽത്തന്നെയാണോ ജീവിക്കുന്നതെന്നു തോന്നിപ്പോകും. കഴിഞ്ഞദിവസങ്ങളിൽ കർണാടകയിലുണ്ടായ സംഭവങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.

കൊടും വേനലിൽ മഴ പെയ്യാനായി സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച സംഭവമാണ് രാജ്യമാകെ വലിയ വാർത്തയായത്. ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലാണു വിചിത്ര ആചാരം നടന്നത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി ഗ്രാമവാസികൾ സംസ്‌കരിച്ച മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ചു മൃതദേഹങ്ങളാണു മഴദൈവങ്ങളുടെ പ്രീതിക്കായി പുറത്തെടുത്തു കത്തിച്ചത്. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ് നാലു മൃതദേഹങ്ങൾ പുറത്തെടുത്തു കത്തിച്ചത്.

ശിവാനി ഗ്രാമത്തിൽ ഏതാനും മാസംമുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ചയാണ് പുറത്തെടുത്തു കത്തിച്ചത്. ഒട്ടേറെയാളുകൾ ഇതിനു സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. അതേസമയം, മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയും ചെയ്ത കാര്യം റെവന്യു ഉദ്യോഗസ്ഥരോ പോലീസോ അറിഞ്ഞിരുന്നില്ല. ഫോട്ടോ, വീഡിയോ എന്നിവ പകർത്താൻ ചടങ്ങിനു നേതൃത്വം നൽകിയവർ അനുവദിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടുത്തവരൾച്ച ബാധിച്ച ഗ്രാമങ്ങളാണിത്. കവുങ്ങാണ് ഇവിടങ്ങളിലെ പ്രധാന കൃഷി. കവുങ്ങുകളെ വരൾച്ചയിൽനിന്നു രക്ഷപ്പെടുത്താനാണത്രെ മഴയ്ക്കായി ഗ്രാമവാസികൾ ആചാരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *