അസമിൽ ആറ് ട്രെയിനുകൾ റദ്ദാക്കി ; വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടവർ പെരുവഴിയിൽ, ദുരൂഹതയെന്ന് കോൺഗ്രസ്

രണ്ടാംഘട്ട ലോക്‌സഭാ വോട്ടെടുപ്പ് ദിനത്തിൽ അസമിൽ ആറ് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നു നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിൽ. അസമിലും ബംഗാളിലുമായി വോട്ട് രേഖപ്പെടുത്താനായി പുറപ്പെട്ട നിരവധി പേരാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്നത്. അസമിലെ ലുംഡിങ് ഡിവിഷനിൽ ചരക്കുട്രെയിൻ പാളം തെറ്റിയതിനെ തുടർന്നാണ് ആറ് ട്രെയിനുകൾ റദ്ദാക്കിയത്.

എന്നാൽ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കരീംഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർഥി ഹാഫിസ് റഷീദ് അഹ്മദ് ചൗധരി അറിയിച്ചു.

ലുംഡിങ് റെയിൽവേ ഡിവിഷനിലെ ജതിങ്ക ലാംപൂർ, ന്യൂ ഹരംഗജാവോ സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് ചരക്കുട്രെയിനിന്റെ എൻജിൻ പാളംതെറ്റിയത്. ഇതേതുടർന്നാണ് ഇതുവഴി കടന്നുപോകേണ്ട ആറ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അറിയിച്ചു. ഏഴ് ട്രെയിനുകൾ യാത്ര ആരംഭിക്കുന്നതിനു മുൻപ് തന്നെ റദ്ദാക്കുകയായിരുന്നു. ഇതിൽ മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റിനിശ്ചയിച്ചിട്ടുണ്ട്. അസമിനു പുറമെ ബംഗാളിൽ ഉൾപ്പെടെ എത്തേണ്ട യാത്രക്കാർ ഇവയിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നൂറുകണക്കിനു യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *