അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ, പിൻമാറാൻ സമ്മർദ്ദം ശക്തം

അയോധ്യ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിൽ. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി. സിപിഐഎമ്മിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്നും സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് നേതൃത്വത്തെ മറികടന്ന് പ്രതികരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ അയോധ്യ വിഷയം ബിജെപി വലിയ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പറയാനും കോണ്‍ഗ്രസിന് ധൈര്യമില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഘട്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പയറ്റി നോക്കിയതും കോൺഗ്രസിന് ഇപ്പോഴത്തെ പ്രതിസന്ധിയാണ്. ഇന്ത്യ സഖ്യത്തില്‍ നിന്നും പാര്‍ട്ടിയുടെ ചില സംസ്ഥാന ഘടകങ്ങളില്‍ നിന്നും എതിര്‍ സ്വരം ഉയര്‍ന്ന് തുടങ്ങിയതോടെ എഐസിസി നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *