അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നു ദിവസം ചെലവഴിച്ചു; ഒടുവിൽ മാനസിക വെല്ലുവിളിനേരിടുന്ന മകളും മരിച്ചു

കർണാടകയിൽ കഴിഞ്ഞദിവസമുണ്ടായ ദാരുണസംഭവം ആരുടെയും കരളലയിക്കുന്നതായി. അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്നു ദിവസം ചെലവഴിച്ച മാനസിക വെല്ലുവിളിനേരിടുന്ന 32കാരിയായ മകൾ ഒടുവിൽ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകൾ പ്രഗതി ഷെട്ടി എന്നിവരാണു മരിച്ചത്.

വർഷങ്ങളായി ഇരുവരും ഇവിടെയാണു താമസം. കടുത്ത പ്രമേഹരോഗിയായിരുന്ന ജയന്തിയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. എന്നാൽ അവർക്കു ശരിയായ ചികിത്സ കിട്ടിയില്ലെന്ന് പരിസരവാസികൾ പറയുന്നു. ഇവരുടെ വീട്ടിൽനിന്നു കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്നു പരിസരവാസികൾ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.

ഫോൺ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്നു ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. തുടർന്ന് പ്രഗതി മരിക്കുകയായിരുന്നു. അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *