അനധികൃത കുടിയേറ്റത്തെ തുടർന്ന് അമേരിക്ക രണ്ടാം ഘട്ടത്തിൽ നാടുകടത്തിയ രണ്ട് ഇന്ത്യൻ യുവാക്കളെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി17 സൈനിക വിമാനത്തിൽ എത്തിയ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് രാജ്‌പുര സ്വദേശികൾ പിടിയിലായത്.
സണ്ണി എന്ന സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിംഗ് അറിയിച്ചു. രാജ്പുര പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരുടെ കൂട്ടത്തിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായി നടത്തിയ ഇടപ്പെടലിലൂടെയാണ് ഇവർ പിടിയിലായത്.
സംഭവത്തിൽ ഇവർക്കും മറ്റു നാല് പേർക്കുമെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.ആദ്യത്തെ തവണ പോലെ കൈവിലങ്ങണിയിച്ചും കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ ആഴ്ച തന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതൽ ആളുകളെ, അമേരിക്ക ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.