‘അമിത് ഷായെ കാണണം’: ബിജെപിയിലേക്ക് തിരിച്ചുപോകണമെന്ന് മുകുൾ റോയ്

മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാർട്ടിയിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്”-  ഒരു ബംഗാളി വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും തൃണമൂൽ കോൺഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് മുകുൾ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹം ഡൽഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ടയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ”ഞാൻ ഡൽഹിയിൽ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല. ഞാൻ എംപിയായിരുന്നു. എനിക്ക് ഡൽഹിയിൽ വരാൻ പറ്റില്ലേ. നേരത്തെ ഞാൻ സ്ഥിരമായി ഡൽഹിയിൽ വരുമായിരുന്നു”- അദ്ദേഹം പറഞ്ഞു. 

തുടർന്ന് ബംഗാളി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മകൻ ശുഭരാംഘ്സുവിനെ കുറിച്ചുള്ള ചോദ്യത്തിന്, മകൻ ബിജെപിയിൽ ചേരണമെന്നും അതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്റെ പിതാവിനെ കണ്ടെത്താനായില്ലെന്ന് മകൻ സുഭ്രാങ്ഷു പിടിഐയോട് പറഞ്ഞിരുന്നു. പിതാവിന് മറവി രോഗവും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും മകൻ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകൻ അഭ്യർഥിച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു. മുകുൾ റോയ്, ബിജെപി, തൃണമൂൽ, ബംഗാൾ, അതേസമയം, മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമെന്നും ബിജെപി പ്രതികരിച്ചു. 

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *