‘അത്യാവശ്യമുള്ളതു കൊണ്ടാണ്, ക്ഷമിക്കണം ഒരു മാസത്തിനകം തിരികെ തരാം’; മോഷണം നടത്തിയ ശേഷം കള്ളന്റെ കത്ത്

വീട്ടിൽ മോഷണം നടത്തിയ ശേഷം ക്ഷമ ചോദിച്ച് കത്ത് എഴുതിവച്ച് കള്ളൻ. തമിഴ്നാട്ടിലെ മേഘനാപുരത്താണ് സംഭവം. വിരമിച്ച അധ്യാപകൻ സെൽവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിച്ച വസ്തുക്കൾ ഒരു മാസത്തിനുള്ളിൽ തിരിച്ച് നൽകാമെന്നും കള്ളൻ കത്തിൽ പറയുന്നു. സെൽവിനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ മാസം ദമ്പതികൾ മകനെ കാണാൻ ചെന്നൈയിൽ പോയിരുന്നു. ഇവർ ഇല്ലാത്ത ദിവസങ്ങളിൽ വീട് വൃത്തിയാകാൻ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തിയിരുന്നു. ജൂൺ 26ന് ജോലിക്കാരി വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടനെ ഇവർ സെൽവിനെയും പൊലീസിനെയും വിവരം അറിയിച്ചു.

60,000 രൂപയും 12ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോടി വെള്ളി പാദസരവും കള്ളൻ കവർന്നതായി കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വീട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കള്ളൻ എഴുതി എന്ന് വിശ്വസിക്കുന്ന കത്ത് ലഭിച്ചത്.

‘ക്ഷമിക്കണം, ഇത് ഒരു മാസത്തിനകം ഞാൻ തിരികെ തരാം. എന്റെ വീട്ടിൽ ഒരാൾ സുഖമില്ലാതെ ഇരിക്കുകയാണ് അതുകൊണ്ടാണ് ഇത് ചെയ്യുന്നത്’- എന്നാണ് കത്തിൽ എഴുതിയിരുന്നത്. വീട്ടിലുണ്ടായിരുന്ന ഒരു കവറിന് പുറത്ത് പച്ച നിറമുള്ള മഷി ഉപയോഗിച്ചാണ് കള്ളൻ കുറിപ്പ് എഴുതിയിരിക്കുന്നത്. സംഭവത്തിൽ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *