‘അംബേദ്കറിനോട് കോൺഗ്രസിനും എസ്പിയ്ക്കും ഇതുവരെയില്ലാത്ത സ്നേഹം’; ഹനുമാൻജി ജനിച്ചത് രാജ്ഭർ സമുദായത്തിലെന്ന് ഓം പ്രകാശ് രാജ്ഭർ

രാജ്ഭർ സമുദായത്തിലാണ് ഹനുമാൻ ജനിച്ചതെന്നു ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സുഹേൽദേവ് ഭാരതീയ സമാജ്‌വാദി പാർട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമർ‌ശം വിവാദമായി. ഭരണഘടനാശിൽപിയായ ബി.ആർ. അംബേദ്കറിനോട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) കാണിക്കുന്ന ‘സ്നേഹത്തെയും’ അദ്ദേഹം വിമർശിച്ചു. ‘‘ഹനുമാൻജി ജനിച്ചതു രാജ്ഭർ സമുദായത്തിലാണ്. രാക്ഷസനായ അഹിരാവൻ രാമനെയും ലക്ഷ്മണനെയും പടൽപുരിയിലേക്കു കൊണ്ടുപോയപ്പോൾ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആർക്കും ഉണ്ടായിരുന്നില്ല. രാജ്ഭർ സമുദായത്തിൽ ജനിച്ച ഹനുമാനു മാത്രമായിരുന്നു അതിനു ധൈര്യമുണ്ടായത്’’ ബല്ലിയയിലെ ചിത്‌ബരാഗാവ് മേഖലയിലുള്ള വാസുദേവ ഗ്രാമത്തിന്റെ പ്രധാന ഗേറ്റിനോടുചേർന്ന് മഹാരാജ സുഹേൽദേവിന്റെ പ്രതിമയ്ക്കുള്ള ഭൂമി പൂജയ്ക്കുശേഷമുള്ള ചടങ്ങിനിടെയായിരുന്നു ഓം പ്രകാശ് ഇങ്ങനെ പറഞ്ഞത്.

എസ്പിക്ക് അംബേദ്കർ എന്ന പേരു കേൾക്കുന്നത് ഒരുകാലത്ത് പ്രകോപനം ഉണ്ടാക്കിയിരുന്നു. 2012നു മുൻപ് അംബേദ്കർ പാർക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാൽ ശുചിമുറി നിർമിക്കുമെന്നുമായിരുന്നു പാർട്ടി പറഞ്ഞിരുന്നത്. ഇന്നു ഭരണഘടനയെ കുറിച്ചു സംസാരിക്കുന്ന കോൺഗ്രസ്, ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരിൽ ലക്ഷക്കണക്കിനു മാധ്യമപ്രവർത്തകരെയും നേതാക്കളെയും ജയിലിലടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോൾ ഇതുവരെയില്ലാത്ത സ്നേഹമാണ് കോൺഗ്രസിന്. അംബേദ്കറിന്റെ പേരിൽ ആരംഭിച്ച വികസന പദ്ധതികളെല്ലാം അവസാനിപ്പിച്ചത് എസ്പിയായിരുന്നു. – ഓം പ്രകാശ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *