2023 ഒക്ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച മൂന്ന് മാസത്തേക്ക് മാറ്റിവെക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഇസ്രായേലി അറ്റോർണി ജനറൽ ഗലി ബഹരവ് മിയാരയുടെ അഭിപ്രായത്തിന് വിരുദ്ധമായാണ് നെതന്യാഹുവിന്‍റെ തീരുമാനം.
വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതി ഇടപെടുകയും യോഗം ചേരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. യോഗത്തിൽ നെതന്യാഹുവും അറ്റോർണി ജനറലും തമ്മിൽ വാഗ്വാദം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ ഉടൻ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്നും ഇത് നിരസിക്കുകയാണെങ്കിൽ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും അറ്റോർണി ജനറൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിലെ സംഭവങ്ങളെയും യുദ്ധത്തെയും കുറിച്ച് അന്വേഷിക്കാനുള്ള ഉചിതമായ നിയമ ഉപാധിയാണ് ദേശീയ അന്വേഷണ കമ്മീഷനെന്നും അവർ വ്യക്തമാക്കി. ഇത്തരമൊരു സമിതി രൂപീകരിക്കുമെന്ന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേൽ അവകാശപ്പെട്ടിരുന്നതായും മിയാരെ തന്‍റെ സംസാരത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ആരാണ് അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം ഹേഗിൽ നിർദേശിച്ചതെന്ന് നെതന്യാഹു യോഗത്തിൽ ചോദിച്ചു. അത് നിങ്ങൾ തന്നെയാണെന്ന് അറ്റോർണി ജനറൽ ഇതിന് മറുപടി നൽകിയെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് നിരവധി ഹരജികളാണ് കോടതിക്ക് മുമ്പാകെ ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് വിഷയത്തിൽ 60 ദിവസത്തിനകം ചർച്ച ചെയ്യണമെന്ന് ഡിസംബറിൽ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ, ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ച വാഗ്വാദത്തിൽ കലാശിക്കുകയും മൂന്ന് മാസത്തേക്ക് മാറ്റിവെക്കുന്നതായി നെതന്യാഹു അറിയിക്കുകയുമായിരുന്നു.
മന്ത്രിമാരായ യോവ് കിസ്ചും അവി ഡിച്ചറും യോഗത്തിൽ അറ്റോർണി ജനറലിനെതിരെ രംഗത്തുവന്നു. യുദ്ധം അവസാനിച്ചുവെന്ന് അറ്റോർണി ജനറൽ കരുതുന്നുണ്ടോയെന്ന് ഡിച്ചർ ചോദിച്ചു. അന്വേഷണ കമ്മീഷന്‍റെ രൂപീകരണം ഇതിനെ ആശ്രയിച്ചല്ലെന്ന് അറ്റോർണി ജനറൽ മറുപടി നൽകി. അന്വേഷണ കമ്മീഷൻ രൂപീകരിച്ചാൽ തങ്ങൾ യുദ്ധം അവസാനിപ്പിച്ചുവെന്ന രീതിയിലുള്ള സന്ദേശം ഹമാസിന് ലഭിക്കുമെന്ന് മന്ത്രി ഒഫിർ സോഫർ പറഞ്ഞു.
യോഗത്തിൽ ഷിൻ ബിത് സെക്യൂരി ചീഫ് റോനൻ ബാറിനെതിരെ പ്രധാനമന്ത്രി നെതന്യാഹു ആഞ്ഞടിച്ചു. യോഗത്തിൽ പങ്കെടുക്കാനുള്ള ബാറിന്‍റെ അഭ്യർഥന നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് തന്‍റെ നിലപാട് രേഖാമൂലം മന്ത്രിമാർക്ക് ബാർ നൽകിയതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ബാറൊരു ബ്യൂറോക്രാറ്റാണെന്നും നിലവിലെ വെടിനിർത്തൽ കരാർ പ്രകാരം യുദ്ധം താൽക്കാലികമായി മാത്രമാണ് അവസാനിച്ചിട്ടുള്ളതെന്നും നെതന്യാഹു പറഞ്ഞു.
അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് പല മന്ത്രിമാരും വാദിച്ചു. എന്നാൽ, അന്വേഷണ കമ്മീഷൻ രൂപീകരണത്തിന് വിദേശകാര്യ മന്ത്രി ഗിഡിയോൻ സാർ യോഗത്തിൽ പിന്തുണ നൽകി. ഒക്ടോബർ ഏഴിലെ സംഭവവികാസങ്ങളും അതിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കാൻ ഇപ്പോൾ തന്നെ കമ്മീഷൻ രൂപീകരിക്കാം. അതേസമയം, യുദ്ധത്തെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ അത് അവസാനിക്കണമെന്ന യുക്തി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.