സർവകക്ഷിയോഗം അവസാനിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി മോദി

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. രാജ്നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, വിവിധ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള അതിർത്തിയിലെ സ്ഥിതിഗതികളും ചർച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തിൽ കേന്ദ്രമന്ത്രിമാർ വായിച്ചു. സർവകക്ഷി യോഗത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്.

പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *