സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ഇടനാഴി അടച്ചുവെന്ന അറിയിപ്പ് ഉണ്ടായിരുന്നിട്ടും, നിരവധി തീർത്ഥാടകർ രാവിലെ ഇടനാഴി കടക്കാനെത്തി. ഇവരെ അധികൃതർ തിരിച്ചയച്ചു. ഗുരു നാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 നവംബർ 9 നായിരുന്നു കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 5,000 ഇന്ത്യൻ ഭക്തർക്ക് വരെ വിസയില്ലാതെ അതിർത്തി കടന്ന് കർത്താർപൂർ ഇടനാഴി വഴി പാകിസ്ഥാനിലെത്തി തീർത്ഥാടനം നടത്താൻ കഴിഞ്ഞിരുന്നു. അടച്ചുപൂട്ടൽ താൽക്കാലികമാണ്. എന്നാൽ എപ്പോൾ പുനരാരംഭിക്കുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *