നോർത്തേൺ ലൈറ്റ്സ് അഥവാ നോർത്തേൺ അറോറയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് പല രാജ്യങ്ങളും. രണ്ട് ദശാബ്ദത്തിനിടയിലുണ്ടായ ശക്തമായ ജിയോമാഗ്നെറ്റിക് സ്ട്രോമിന് പിന്നാലെ സൗര കൊടുങ്കാറ്റ്. ഇത് സാധാരണ ഗതിയിൽ നോർത്തേൺ അറോറ എന്ന ധ്രുവ ദീപ്തി ദൃശ്യമാകാൻ സാധ്യതയില്ലാത്ത പല രാജ്യങ്ങളിലും ഈ പ്രതിഭാസം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു നോർത്തേൺ ലൈറ്റ്സ് മെക്സിക്കോ, കാനഡ, റഷ്യ, ഹംഗറി, സ്വിറ്റ്സർലാൻഡ്, ബ്രിട്ടൻ അമേരിക്ക, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദൃശ്യമായത്.
സൂര്യന്റെ അന്തരീക്ഷത്തിൽ വീശുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയത്. ഇതുവരെയുണ്ടായതിൽ രണ്ടാമത്തെ ഏറ്റവും വലിയ സൗരകൊടുങ്കാറ്റാണ് നിലവിലുണ്ടായതെന്നാണ് സൂചന. ഇതിന്റെ സ്വാധീനം ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെയുണ്ടാകും. സൗരകൊടുങ്കാറ്റുകളുണ്ടാവാൻ കാരണം സൂര്യന്റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ്. ഭൂമിയിലേക്ക് ഊർജ്ജ കണികകളുടെ പ്രവാഹമാണ് ഇതിനേ തുടർന്ന് ഉണ്ടാവുക. ഇവ ഭൂമിയുടെ കാന്തിക വലയത്തിൽ പതിക്കുന്നതോടെ വലിയ കാറ്റുകളായി ഇവ മാറുന്നു.