ബെംഗളുരു : കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തിൽ ഗായകൻ സോനു നിഗത്തിന് ബെംഗളുരു പൊലീസിൻറെ നോട്ടീസ്. ബെംഗളുരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു.
പെഹൽഗാം ആക്രമണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ കന്നഡ രക്ഷാ വേദികെ എന്ന സംഘടന നൽകിയ പരാതിയിലാണ് ഗായകന് നോട്ടീസ് നൽകിയത്. ഭാഷാ വാദത്തെ തീവ്രവാദി ആക്രമണവുമായി എന്തിന് ബന്ധപ്പെടുത്തി എന്ന് ഗായകൻ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കേസെടുക്കുമെന്നും അവലഹള്ളി പൊലീസ് അറിയിച്ചു.