സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

സാമൂഹിക പ്രവർത്തകയുമായ പത്മശ്രീ ജേതാവും സാക്ഷരതാ പ്രവർത്തകയുമായ കെ.വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതയായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. 2022-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ ആദരം. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് റാബിയയുടെ ആത്മകഥയാണ്‌.1966 ൽ തിരൂരങ്ങാടി വെള്ളിലക്കാടിലാണ് റാബിയ ജനിക്കുന്നത്.പിഎസ്എംഒ കോളജിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലന ശേഷി നഷ്ടമാകുന്നത്. തുടര്‍ന്നുള്ള ജീവിതം വീൽചെയറിലായിരുന്നു റാബിയ. ഇതിന് പുറമെ കാൻസറും ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാഭ്യാസ,സാമൂഹിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര റാബിയ പതിപ്പിച്ചത്. വീൽചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിനാണ് വെളിച്ചം നൽകിയത്. പരിമിതികളൊന്നും സ്വപ്‌നം കാണാൻ തടസമല്ലെന്ന് റാബിയ സ്വന്തം ജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *