സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്പോളിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് പോലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം മറ്റ് 11 പേര്‍ക്ക് എതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്പോളിന്റെ സഹായം തേടിയിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ ഇടക്കാലസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹസീന ഗൂഡാലോചന നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവ വികാസം.
കോടതികൾ, പബ്ലിക് പ്രോസിക്യൂട്ടര്‍മാർ, അന്വേഷണ ഏജന്‍സികൾ തുടങ്ങിയവരിൽനിന്നുള്ള ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ അന്തർദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ഹസീനയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് നിര്‍ദേശിച്ചിരുന്നു.