ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തുവന്നു. വിവാദങ്ങൾ തുടരവേയാണ് അതിലേക്ക് വഴിവച്ച പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമെങ്കിൽ താനുണ്ടാകുമെന്നും പാർട്ടിക്കകത്ത് സ്ഥാനമില്ലെങ്കിൽ തനിക്ക് വേറെ വഴികളുണ്ടെന്നുമാണ് തരൂർ പോഡ്കാസ്റ്റിൽ പറയുന്നത്.
സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി.
രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താൻ. എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ് പാർട്ടിക്ക് ഐക്യം നല്ലതാണ്. പാർട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാൽ കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂർ വിമർശിക്കുന്നു.
പോഡ്കാസ്റ്റിന്റെ ചില ഭാഗങ്ങൾ നേരത്തെ പുറത്തുവന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്നാണ് ശശി തരൂർ പ്രതികരിച്ചത്.