വേടന്റെ ദൃശ്യം കൊടുത്തവർ എന്തുകൊണ്ട് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല; ഡോ. ജിന്റോ ജോൺ

വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പുണ്ടെന്നും എന്നാൽ, ലഹരി ഉപയോഗത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇക്കാര്യത്തിൽ കേരള സർക്കാരും പൊലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണ നൽകുന്നു​വെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ചിലരുടെ മാത്രം സ്വകാര്യയിടങ്ങളിൽ ഒന്നര ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ അതാ ഞങ്ങൾ വലിയ വേട്ട നടത്തിയിരിക്കുന്നുവെന്ന വ്യാജ അവകാശവാദങ്ങളിൽ കേരളം വിശ്വസിക്കണോ എന്ന് അദ്ദേഹം ചോദിച്ചു.

വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരുതരം അഭിനയമാണ് ഇതെല്ലാം. ദൃശ്യങ്ങളെടുത്ത് ചാനലുകൾക്ക് കൊടുത്ത് മിടുക്കരാകുന്ന ഇത്തരം അഭ്യാസങ്ങൾക്ക് പുറത്ത് ആത്മാർത്ഥമായ എന്ത് ശ്രമങ്ങളാണ് സിനിമാ മേഖലയിൽ അടക്കമുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നടത്തുന്നതെന്നറിഞ്ഞാൽ കൊള്ളാം. ഇൻഫ്ലുവൻസേഴ്സ് ആയതുകൊണ്ട് അവരെ പിടിക്കുമ്പോൾ കുറെ ആളുകൾ പേടിച്ചു ലഹരി ഉപയോഗിക്കാതിരിക്കുമെന്നുള്ള വരട്ട് ന്യായമാണെങ്കിൽ അത് വിശ്വസിക്കാൻ മാത്രം മൂഡരല്ല മലയാളികൾ. എങ്കിൽ കായംകുളത്ത് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ദൃശ്യങ്ങൾ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണ്? അന്ന് നിഷ്പക്ഷമായിരുന്നെങ്കിൽ അത് കുറേക്കൂടി വിശ്വാസ്യത നൽകുമായിരുന്നില്ലേ? അതുകൊണ്ടുതന്നെ നിലപാടുകളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഇരട്ടത്താപ്പുണ്ടെന്ന് സംശയിക്കേണ്ടിവരും. കാരണം, അന്ന് എംഎൽഎയുടെ മകനെതിരെ നിയമനടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ വൈരാഗ്യബുദ്ധിയോടെ വേട്ടയാടാൻ ആവേശം കാണിച്ച സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഇവിടെ വേടനെ പോലുള്ളവരുടെ രാഷ്ട്രീയത്തെ പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് സഹായകരമായ സൗകര്യം ചെയ്തു കൊടുക്കുന്നതും.

മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചുകൊന്ന കേസിൽ പിണറായി സർക്കാർ പൊത്തിപ്പിടിച്ച് സംരക്ഷിക്കുന്ന ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസിന് കേസിൽനിന്ന് രക്ഷപെടാൻ ഡയാലിസിസ് നടത്തി രക്തം ശുദ്ധീകരിക്കാൻ സൗകര്യം ചെയ്തുകൊടുത്ത നോക്കുകുത്തികളാണ് കേരള പോലീസിലുള്ളത്. വലിയവനെ കാണുമ്പോഴുള്ള സർക്കാർ സംവിധാനങ്ങളുടെ ഊഞ്ഞാലാട്ടം വേടന്റെ അറസ്റ്റിലും കാണാവുന്നതാണ്. വേടന്റെ മുറിയിൽ നിന്ന് കിട്ടിയ 6 ഗ്രാം കഞ്ചാവ് നിയമവിരുദ്ധമാണ് എന്നുള്ള കാര്യത്തിൽ തർക്കമില്ല. നിയമനടപടി സ്വീകരിക്കുക തന്നെ വേണം. വലിയവന്മാരുടെ അന്തപ്പുരങ്ങളിലിരിക്കുന്ന ആനക്കൊമ്പുകൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും അതെല്ലാം ആനക്കൊമ്പല്ല എന്ന് ചിത്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, വേടന്റെ സ്വാധീനം ഒരുനാൾ കൂടിയാൽ ഈ പുലിനഖം വെറും പൂച്ച നഖമായി മാറുമോ എന്നു കൂടി സംശയമുണ്ട്. വലിയവന്റെ ആനക്കൊമ്പിന് സംരക്ഷണം കൊടുക്കുന്ന മന്ത്രിമാർ കേരളത്തിലുള്ളപ്പോൾ ചെറിയവന് കിട്ടുന്ന സമ്മാനങ്ങൾക്ക് പോലും പേടിക്കേണ്ട ഗതികേടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *