വേടന്റെ അറസ്റ്റിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും, റിപ്പോർട്ട് തേടി മന്ത്രി

പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താൻ വനംവകുപ്പ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും.വേടന്റെ അറസ്റ്റിലും തുടർ നടപടിക്രമങ്ങളിലെയും തിടുക്കം ചൂണ്ടിക്കാണിച്ച് വനം വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തിൽ സൂചിപ്പിച്ച വനംമന്ത്രി പിന്നാലെ നിലപാട് മയപ്പെടുത്തുകയുമുണ്ടായി.

വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിർത്തിരുന്നു. വേടൻ രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ രാജ്യം വിട്ട് പോകില്ലെന്ന് വേടൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *