വേങ്ങരയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു

മലപ്പുറം വേങ്ങരയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്ദുൾ ബറാൽ (31), പശ്ചിമ ബംഗാൾ ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് പിടികൂടിയത്. അബ്ദുൽ ബാരലിനെതിരെയും വിനോദ് ലൈറ്റിനെതിരെയും കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും സംഘത്തിൽ നിലു പണ്ഡിറ്റിനെയും ചേർത്ത് വേങ്ങര കോട്ടക്കൽ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രാത്രിയോടുകൂടി പ്രതികൾ പിടിയിലായത്. വേങ്ങരയിലെ പ്രാദേശിക കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് സുരക്ഷിതമായി കഞ്ചാവ് കൈമാറാനാണ് പ്രതികൾ അർധരാത്രി തെരഞ്ഞെടുത്തത്.

മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ് പി.കെയുടെ നിർദ്ദേശാനുസരണം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ടി.ഷിജുമോൻ, പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ കെ.ടി.ഷനൂജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ദിനേശൻ, സന്തോഷ്, പ്രിവന്റീവ് ഓഫീസർ കെ.ശിഹാബുദ്ദീൻ, എക്സൈസ് ഉത്തര മേഖല സ്ക്വാഡംഗങ്ങളായ സച്ചിൻ ദാസ്.വി, അഖിൽദാസ്.ഇ, സിവിൽ എക്സൈസ് ഓഫീസർ ജിഷ്നാദ്, ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *