വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കുന്നു.

കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും പോലീസ് പറയുന്നു. കടബാധ്യതകൾ കാരണം കുടുംബം കൂട്ട ആത്മഹത്യക്ക് പദ്ധതിയിടുകയും ചെയ്തു. എന്നാൽ ആത്മഹത്യ ശ്രമത്തിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ അവർ ഒറ്റപെടുമെന്നും സമൂഹത്തിൽ ക്രൂശിക്കപ്പെടുമെന്ന ബോധ്യമാണ് എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പ്രാഥമികമായി പോലീസ് വ്യക്തമാക്കുന്നത്.

എന്നാൽ, അഫാന്റെ മനോനിലയിലടക്കം പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. നാളെയോട് കൂടി അഫാനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. തലയിൽ മുറിവുകളുണ്ടെന്നും കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസമുണ്ടെന്നും സ്ഥിരീകരിച്ചു. പൂർണമായി അപകടനില തരണം ചെയ്തെന്ന് പറയാൻ കഴിയില്ലെന്നും പോലീസിന് മൊഴി കൊടുക്കാൻ കഴിയുന്ന ആരോഗ്യവസ്ഥയിലാണെന്നും ഡോകടർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *