തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. മകൻ അഫാനെതിരെ മാതാവ് ഷെമി മൊഴി നൽകിയില്ല. കട്ടിലിൽനിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന മൊഴി മജിസ്ട്രേറ്റിന് മുന്നിലും അവർ ആവർത്തിച്ചു. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം.
എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പോലീസ് നടത്തിയ വിവരശേഖരണത്തിൽ റഹീം പറഞ്ഞിട്ടുണ്ട്. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യത ഉള്ളതിനെ കുറിച്ച് അറിയില്ല. വിദേശത്ത് ഒളിവിലായതിനാൽ സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറില്ല. അടുത്ത് നടന്ന സംഭവങ്ങളെ കുറിച്ച് അറിയില്ലെന്നും റഹീം പറഞ്ഞു. അതേസമയം കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് തന്നെയാണ് പോലീസ് എത്തുന്നത്.