കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കേരളം. പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനു മുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്നും മന്ത്രി എംബി രാജേഷ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി രാജേഷ് ഈ ആവശ്യം ഉന്നയിച്ചത്. ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്നുള്ള കേരള സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ ആവർത്തിച്ച് അറിയിച്ചതായി എംബി രാജേഷ് പറഞ്ഞു.
ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഖട്ടർ അറിയിച്ചു. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോൺക്ലേവിലേക്കും, മെയ് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന അർബൻ കോൺക്ലേവിലേക്കും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ക്ഷണിച്ചതായും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
സഹായം ലഭിക്കണമെങ്കിൽ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ പേരും ലോഗോയും പതിക്കണമെന്നാണ് കേന്ദ്രം നിബന്ധന വെച്ചിട്ടുള്ളത്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതി, സമഗ്ര ശിക്ഷാ പദ്ധതി, പിഎം ശ്രീ സ്‌കൂൾ പദ്ധതി തുടങ്ങിയവയാണ് ബ്രിൻഡിങ് പതിക്കണമെന്ന നിർബന്ധത്തെത്തുടർന്ന് അവതാളത്തിലായത്. ഭവനപദ്ധതിയിലെ ബ്രാൻഡിങ് നിബന്ധന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഒന്നര വർഷം മുമ്പ് അയച്ച കത്തിൽ ഇതുവരെ കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല.