വി.കെ. സക്സേനക്കെതിരെ പുതിയ സാക്ഷിയെ വിസ്തരിക്കണമെന്ന മേധ പട്കറുടെ ആവശ്യം ഡൽഹി കോടതി തള്ളി

ഡൽഹി ലഫ്. ഗവർണർ വി.കെ സക്സേനക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ അധിക സാക്ഷിയെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകയായ മേധ പട്കർ നൽകിയ അപേക്ഷ ഡൽഹി കോടതി തള്ളി. സക്സേന മേധക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ വൈകിപ്പിക്കാൻ മനഃപൂർവമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരപേക്ഷയെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്.

2000ൽ സക്സേന അഹ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എന്ന എൻ.ജി.ഒയുടെ തലവനായിരിക്കെയാണ് മേധ കേസ് ഫയൽ ചെയ്തത്. തനിക്കും, പരിസ്ഥിതി പ്രസ്ഥാനമായ നർമദ ബച്ചാഓ ആന്തോളനുമെതിരിരെ സക്സേന പരസ്യം പ്രസിദ്ധീകരിച്ചെന്നു കാണിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അതേവർഷം നവംബറിൽ മേധ പ്രമുഖ മാധ്യമത്തിന് ‘ട്രൂ ഫെയ്സ് ഓഫ് പാട്രിയോട്ട്’ എന്ന തലക്കെട്ടോടെ നൽകിയ ലേഖനത്തിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് സക്സേനയും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. പിന്നീട് ഇരു കേസുകളും ഡൽഹിയിലേക്ക് മാറ്റി. സക്സേന നൽകിയ കേസിൽ കഴിഞ്ഞ വർഷം മേധക്ക് അഞ്ച് മാസത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജാമ്യം നേടിയതോടെ ശിക്ഷ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *