വിദ്വേഷ പരാമർശക്കേസ്; അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരം

വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കുമെന്നാണ് വിവരം. റിമാൻഡിലായതിനു പിന്നാലെയായിരുന്നു ശാരീരിക അവശതകളെ തുടർന്ന് പിസി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി നാളെയാണ് പരിഗണിക്കുക.

നേരത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് കോടതിയിൽ കീഴടങ്ങുകയാണ് ചെയ്തത്. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പിസിയുടെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *