കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദില്ലി എഐസിസി ആസ്ഥാനത്ത് ആരംഭിച്ചു. . 95.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്നറിയാണ് ഏവരും ഉറ്റുനോക്കുന്നത്. 1000ല്‍ അധികം വോട്ടുനേടുമെന്നാണ് തരൂര്‍ പക്ഷത്തിന്റെ ആത്മവിശ്വാസം. അതേസമയം ഉത്തര്‍പ്രദേശിലും തെലങ്കാനയിലുമടക്കം വോട്ടിംഗില്‍ ക്രമക്കേട് നടന്നെന്ന തരൂരിന്റെ പരാതിയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്രിവ്യക്തമാക്കി.
………………….
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അറുമുഖസാമി അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് വി കെ ശശികല. ജയലളിതയുടെ ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ല. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.
………………
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോവളം സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് എംഎല്‍എ മര്‍ദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അന്ന് ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞാണ് പൊലീസുകാരെ എംഎല്‍എ മടക്കി അയച്ചതെന്നുമാണ് മൊഴി.
……………
അഗ്‌നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയില്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എടുത്ത നയപരമായ തീരുമാനമാണ് അഗ്‌നിപഥ് പദ്ധതിയെന്നും ഇത് സായുധ സേനകളുടെ മൊത്തത്തിലുള്ള സംഘടനയില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് അനിവാര്യമാണെന്നും കേന്ദ്രം അറിയിച്ചു. അഗ്‌നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്‌നിവീരന്മാര്‍ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
………………………
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് ദയാബായിയും സമരസമിതിയും.
……………….
നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസന്‍സ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ വിജിലന്‌സ് കോടതിയില്‍ കൂറ്റപത്രം സമര്‍പ്പിച്ചു. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
…………..
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുളള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
………….
കേരള സര്‍വ്വകലാശാല മുന്‍ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിന്ന അദ്ദേഹം തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലാണ് അന്തരിച്ചത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു.
………….
സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
……………..
ടി20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. ആദ്യ സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ , ഓസ്ട്രേലിയയെ 6 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 23ന് സൂപ്പര്‍-12ല്‍ പാകിസ്താനെ നേരിടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്.