ദീപാവലിക്ക് ഒരാഴ്ച കൂടി ബാക്കിനില്‍ക്കെ യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തി . വ്യാഴാഴ്ച വൈകുന്നേരം 185.75 ഉണ്ടായിരുന്ന സ്വര്‍ണവില ഇന്ന് 184.50 ദിര്‍ഹത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, വിലക്കുറവിനൊപ്പം യുഎഇയിലെ ഭൂരിഭാഗം ജ്വല്ലറികളും വിവിധ ഓഫറുകളും പഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനംചെയ്തിരിക്കുന്നത് . അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
………………
ബ്ലാക്മെയില്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്. നിയമ ലംഘകര്‍ക്ക് 2 വര്‍ഷം തടവും 56.3 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ (രണ്ടര മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം) പിഴയുമാണ് ശിക്ഷ. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും കിംവദന്തികളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
……………
അശ്ലീല വെബ്സൈറ്റുകളെ തുരത്തി യുഎഇ. 3 മാസത്തിനിടെ റദ്ദാക്കിയ 883 സൈറ്റുകളില്‍ 435 എണ്ണം അശ്ലീല വെബ്സൈറ്റുകളാണ്. തട്ടിപ്പ്, വഞ്ചന എന്നിവയ്ക്കായി ഉപയോഗിച്ച 43% വെബ്സൈറ്റുകളും റദ്ദാക്കി.
……………….
കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിന് ഇരട്ടി നിരക്ക്. യുഎഇയില്‍നിന്ന് കേരളത്തിലെത്താന്‍ ശരാശരി 6000 രൂപയും. തിരിച്ച് യുഎഇയിലേക്കു വരണമെങ്കില്‍ കുറഞ്ഞത് 13,900 രൂപ നല്‍കണം. 2 എയര്‍ലൈനുകളില്‍ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്.
……………..
വീസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യക്കാര്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. പാസ്പോര്‍ട്ട്, ഫോട്ടോ, എന്നിവയോടൊപ്പം രോഗരഹിത സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാലേ എന്‍ട്രി പെര്‍മിറ്റ് ലഭിക്കൂ. അതോറിറ്റി വെബ്സൈറ്റ്, സ്മാര്‍ട് ആപ്ലിക്കേഷന്‍, കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, ടൈപ്പിങ് സെന്റര്‍ എന്നിവയിലൂടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷ നല്‍കാം.
……………
വില വര്‍ധനയും ഭക്ഷണം പാഴാക്കുന്നതും ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സയീദ് അല്‍ അമേരി പറഞ്ഞു. വേള്‍ഡ് യൂണിയന് ഓഫ് ഹോള്‍സെയില്‍ മാര്‍ക്കറ്റ്സ് സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിടിയങ്ങളില്നിന്ന് വിപണിയിലേക്ക് കൂടുതല്‍ ഉല്പന്നങ്ങള് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനം ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
…………
ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറിനുള്ള ലോക റെക്കോഡ് അഡ്നോകിന്റെ അപ്പര്‍സകം ഓയില്‍ഫീല്‍ഡിന്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഫ്ഷോര്‍ ഫീല്‍ഡായ അപ്പര്സക്കമിന് ഇപ്പോള്‍ 15,240 മീറ്റര്‍ നീളമുണ്ട്.
…………….
ഖത്തറില്‍ ലോകകപ്പിന്റെ ആരവങ്ങള്‍ മുഴങ്ങാന്‍ ഇനി 30 നാള് മാത്രം. 12 വര്‍ഷം നീണ്ട തയാറെടുപ്പുകള്‍ക്ക് ശേഷം വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും അതിജീവിച്ച് മധ്യപൂര്‍വദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയാറായിരിക്കുന്നത്. 32 ടീമുകള്‍. 64 മത്സരങ്ങള്‍ നവംബര്‍ 20ന് അല്‍ഖോറിലെ അല്ബെയ്ത്തിലാണ് കിക്കോഫ്. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ അരങ്ങേറും
……………….
ഖത്തര്‍ ലോകകപ്പ് കാണാന്‍ ഹയ കാര്‍ഡ് നേടിയവര്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ അനുവദിച്ചുതുടങ്ങി. ഹയ കാര്‍ഡ്, പാസ്പോര്‍ട്ട് കോപ്പി എന്നിവ ഉള്‍പ്പെടെ visitsaudi.com എന്ന വെബ്സൈറ്റ് വഴി Apply New Haya visa എന്ന വിഭാഗത്തില്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷ സമര്‍പ്പിച്ചാല്‍ വളരെ വേഗം ഇലക്ടോണിക് വിസ ഇ-മെയില്‍ വഴി ലഭ്യമാകുമെന്ന് അധികൃതര്‍ അറിച്ചു.
……………………..
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ലോകം ഖത്തറിലേക്കു പോകുക ദുബായ് വഴി. ഖത്തറിലേക്കു ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യുഎഇക്കാണ്. ഇതില്‍ കൂടുതലും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ട്രാവല്‍ കമ്പനി സ്കൈ സ്കാനര്‍ വെളിപ്പെടുത്തി.യുകെയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ജപ്പാനാണ്. ലോകകപ്പിനോട് അനുബന്ധിച്ച് ഈ മാസം യുഎഇയില്‍ നിന്നു ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് കുത്തനെ കൂടി. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങില്‍ 114% ആണ് വളര്‍ച്ച. ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രാ ബുക്കിങ് 270% വര്‍ധിച്ചു.
…………..
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനിയെ ദേശീയ ഒളിമ്പിക് കമ്മിറ്റി അസോസിയേഷന് (അനോക്) വൈസ് പ്രസിഡനന്റായി തിരഞ്ഞെടുത്തു. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന അനോക് ജനറല്‍ അസംബ്ലിയിലാണ് ശൈഖ് ജൂആനെ എതിരില്ലാതെ സീനിയര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഫിജിയില്‍ നിന്നുള്ള റോബിന് മിച്ചല്‍ അനോക് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കട്ടു
……………
ഹാന്‍ഡ്ബാള്‍ കായിക വിനോദത്തിന് ഏറെ ജനപ്രീതി നേടിയ സൗദി അറേബ്യയില്‍ ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ‘സൂപ്പര്‍ ഗ്ലോബ് സൗദി അറേബ്യ-2022’ ആരംഭിച്ചു.2019 ദമ്മാമില്‍ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാംപതിപ്പ് 2021 ല്ജിദ്ദയിലാണ് നടന്നത്. ഒക്ടോബര്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 ക്ലബുകളാണ് പങ്കെടുക്കുന്നത്.
……………..
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും
…………….
കുവൈത്തില്‍ അല്‍ മുവാരിക് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ നിന്ന് മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരനായ 33 വയസുകാരനാണ് പിടിയിലായത്. പള്ളിയില്‍ കയറുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ നിന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.