വാർത്തകൾ ചുരുക്കത്തിൽ

മാലദ്വീപിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് ഒൻപത് ഇന്ത്യക്കാർ അടക്കം പത്തുപേർ മരിച്ചതായി റിപ്പോർട്ട്. വിദേശ തൊഴിലാളികളുടെ ഇടുങ്ങിയ പാർപ്പിടങ്ങളിൽ തീപടർന്നതിനെ തുടർന്നാണ് ദുരന്തം ഉണ്ടായത്.

………………………………..

ഇന്തോനേഷ്യയിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പങ്കെടുക്കില്ല.യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ളവരുടെ എതിർപ്പ് ഉച്ചകോടിയിൽ ഉയർന്നേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുടിൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

………………………………..

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

……………………………….

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വൈക്കം നഗരസഭയിലെ സിപിഎം കൗൺസിലർ കെപി സതീശൻ ഉൾപ്പെടെ നാലു പേർക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. റിട്ടയേഡ് എസ്ഐ വൈക്കം കാരയിൽ മാനശേരിൽ എംകെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.

……………………………….

മഹാരാഷ്ട്രയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ രണ്ടു തവണ മൈക്ക് ഓഫ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ മൈക്ക് ഓഫ് ചെയ്തുകൊണ്ട് സംസാരം തുടർന്നത്.

……………………………….

ഗൊരേഗാവ് പത്രചാൽ പുനർനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസിൽ രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് പ്രത്യേകകോടതി. ശിവസേന ഉദ്ധവ് വിഭാഗം നേതാവായ റാവുത്തിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചിരുന്നു

……………………………….

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ ജി അലെന്റെ സ്വകാര്യ കലാശേഖരം നൂറ്റമ്പത് കോടി ഡോളറെന്ന റിക്കോർഡ് തുകയ്ക്ക് ലേലം ചെയ്തു. പോൾ സെസാൻ, വിൻസെന്റ് വാൻ ഗോഗ്, പോൾ ഗോഗിൻ , ഗുസ്താവ് ക്ലിംറ്റ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ പെയിന്റിങ്ങുകളടങ്ങിയതാണ് പോൾ ജി അലെന്റെ സ്വകാര്യ കലാശേഖരം.

……………………………….

അമേരിക്കൻ മിഡ് ടേം തിരഞ്ഞെടുപ്പിൽ സെനറ്റ് ആർക്കൊപ്പമെന്നതിൽ നിർണായകമായി അരിസോണ,നെവാദ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം. ഹൗസ് ഓഫ് റെപ്രസെന്റേറ്റിവിൽ റിപ്പബ്ലിക്കൻസ് നേരിയ ഭൂരിപക്ഷത്തിലേക്ക്

……………………………….

കീഴടക്കിയ യുക്രെയ്ൻ നഗരം കെർസോണിൽ നിന്ന് പിൻവാങ്ങാൻ റഷ്യൻ സേനയ്ക്ക് ഉത്തരവ് നൽകി പുടിൻ. റഷ്യൻ നീക്കത്തോട് വളരെ കരുതലോട് കൂടി മാത്രമേ പ്രതികരിക്കുന്നുള്ളുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി.

……………………………….

ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവു നിയമപരമല്ല എന്ന വാദം ഉയർത്തിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *