വാർത്തകൾ ചുരുക്കത്തിൽ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

……………

ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗ്ഗീസിനെതിരെ ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസിൻ്റെ ഭാഗമായി കോടതി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

…………

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് യുഡിഫ് കൺവീനർ എം എം ഹസ്സൻ. സുധാകരന്റേത് നാക്കു പിഴയാണ്. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസ്സൻ ദുബായില്‍ പറഞ്ഞു.

…………

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ മുമ്പുണ്ടായിരുന്ന രീതിയില്‍ തന്നെ പ്രവേശനം തുടരും. പുസ്തകത്തിലുള്ളത് അച്ചടി പിശക് മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

……………….

കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായ പ്രതിഷേധം ഇന്നും സംഘർഷത്തിൽ കലാശിച്ചു. നഗരസഭയിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിനിടെ പൊലീസിന് നേരെ പിറകിൽ നിന്നും കല്ലേറുണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ടിയർ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

……………..

സമരം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മേയര്‍ തന്നെയാണ് കത്തെഴുതിയതെന്ന് കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നിട്ടും ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തന്‍റെ പേരില്‍ പുറത്തുവന്ന കത്തില്‍ കാര്യമില്ലെന്നും ഷാഫി വ്യക്തമാക്കി.

………….

മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസിൽ പ്രതി അബൂബക്കർ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും മദ്രസ വിദ്യാർത്ഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഒൻപത് വയസുള്ള പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്.

…………………..

കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. കോട്ടയം മറിയപ്പള്ളിയിലായിരുന്നു സംഭവം. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു.

………………..

കേരള നിയമസഭയുടെ അടുത്ത സമ്മേളനം ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ അറിയിച്ചു. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. വൈസ് ചാൻസലര്‍ നിയമനത്തിൽ സര്‍ക്കാര്‍ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.

……………

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

……………

രാജ്യത്തെ കർഷകർ വീണ്ടും സമരത്തിനൊരുങ്ങുന്നു. കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ദില്ലയില്‍ പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായി നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അവര്‍ അറിയിച്ചു.

…………..

ലോകകപ്പിനെത്തുന്ന മാധ്യമ പ്രതിനിധികൾക്കായി ദോഹയില്‍ മീഡിയ സെന്റർ തുറന്നു. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് മീഡിയ സെന്റർ തുറന്നത്. റിപ്പോർട്ടർ, ബ്രോഡ്കാസ്റ്റർ, ഫോട്ടോഗ്രഫർ, വിഡിയോഗ്രഫർ തുടങ്ങി മാധ്യമ പ്രവർത്തകർക്കുള്ള 300 ഹോട്ട് ഡെസ്‌ക്കുകൾ, ഐടി സപ്പോർട്ട്, വാര്‍ത്താസമ്മേളന മുറി, 4 സ്റ്റുഡിയോകൾ, 1 ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോ, മീഡിയ ലോഞ്ച്, റസ്റ്ററന്റ് എന്നിവ മീഡിയ സെന്‍ററിന്‍റെ ഭാഗമായുണ്ട്. മത്സരങ്ങളുടെ തൽസമയ സംപ്രേഷണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *