വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടത്തിൽ പാർലമെന്റ് അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് ബഹ്റിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സഖീർ പാലസിൽ ചേര്ന്ന മന്ത്രിസഭാ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും ഇടവരുത്തുന്നുണ്ടെന്നും ബഹ്റിന് രാജാവ് പറഞ്ഞു.
…………………….
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 20 മില്യൻ ദിർഹം സമ്മാനം.നാൽപ്പത്തിനാല് കോടി ഇന്ത്യൻരൂപയ്ക്ക് തുല്യമായ തുകയാണിത്. ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന കെ. പി. പ്രദീപിനെയാണ് ഭാഗ്യം തുണച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് നറുക്കെടുപ്പിലാണ് ഈ ഇരുപത്തിനാലുകാരനെ തേടി ഭാഗ്യം എത്തിയത്. 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം. പ്രദീപും അദ്ദേഹത്തിന്റെ 20 സഹപ്രവർത്തകരും ചേർന്ന് സെപ്റ്റംബർ 13 നാണ് ഓൺലൈനായി ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ പങ്കിട്ടെടുക്കും.നറുക്കെടുപ്പിൽ ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയായ അബ്ദുൾ ഖാദർ ഡാനിഷ് എന്നയാൾക്ക് 1 ദശലക്ഷം ദിർഹം രണ്ടാം സമ്മാനം ലഭിച്ചു.
…………………….
ദോഹ ഇൻഡസ്ട്രിയൽ ഏരിയ റോഡ് പദ്ധതിയിലെ എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതായി പൊതു മരാമത്ത് അതോറിറ്റി അറിയിച്ചു. സ്ട്രീറ്റ് 33 മുതൽ വടക്കുഭാഗത്തേക്കും ജി റിങ് റോഡ് മുതൽ തെക്കുഭാഗത്തേക്കുമുള്ള സ്ട്രീറ്റുകളും ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റിൽനിന്നും കിഴക്ക് ഭാഗത്തേക്ക് അൽ കസ്സാറാത് സ്ട്രീറ്റിൽ പടിഞ്ഞാറ് ഭാഗത്തേക്കുമുള്ള സ്ട്രീറ്റുകളും പദ്ധതിയിലുൾപ്പെടും. 40 കിലോമീറ്റർ റോഡ് ശൃംഖലയുടെ നിർമാണമാണ് പൂർത്തിയായത്.
…………………….
മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ 13 ഇന്ത്യക്കാർക്ക് മോചനം. തായ്ലൻഡിൽ നിന്നുള്ള വിമാനത്തിൽ ഇവരെ ദില്ലിയിൽ എത്തിച്ചു. രക്ഷപ്പെട്ട 13 പേരും തമിഴ്നാട് സ്വദേശികളായ ഐടി പ്രൊഫഷണലുകളാണ്. രാത്രി എട്ടരയോടെ ഇവരെ ചെന്നൈ വിമാനത്താവളത്തിലെത്തിക്കും.
…………………….
ഒമാനിൽ പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. ഒമാൻ കസ്റ്റംസിന് കീഴിലുള്ള ഇൻവെസ്റ്റിഗേഷൻ ആന്റ് റിസ്ക് അസെസ്മെന്റ് ഡിപ്പാർട്ട്മെന്റാണ് സൗത്ത് അൽ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങൾ കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. രണ്ടിടങ്ങളിലും കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
…………………….
അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, നിലപാട് വ്യക്തമാക്കി വീണ്ടും ശശി തരൂർ. പാർട്ടിക്കകത്തെ മുതിർന്ന നേതാക്കൾ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു. താൻ പ്രവർത്തിക്കുന്നതും മത്സരിക്കുന്നതും നേതാക്കൾക്ക് വേണ്ടിയല്ല, കോൺഗ്രസിനാകെ വേണ്ടിയാണ്. സാധാരണക്കാരായ പ്രവർത്തകരാണ് തന്നെ പിന്തുണയ്ക്കുന്നതെന്നും ആ വിശ്വാസത്തെ ചതിക്കില്ലെന്നും ശശി തരൂർ പറഞ്ഞു.
…………………….
പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പൊലീസ്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശംനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. യുവാക്കളെ തീവ്രവാദത്തിനും, മയക്കുമരുന്ന് വ്യാപാരത്തിനും സജ്ജമാക്കുകയാണ് നാർക്കോ-ടെറർ മൊഡ്യൂളുകൾ ചെയ്തിരുന്നത്. കാനഡ, പാകിസ്താൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ സംയുക്തമായാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്
……………………………
ഷാർജയിൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ വിന്യസിച്ചതിനെത്തുടർന്ന് കുറ്റകൃത്യങ്ങളുടെ നിരക്ക് 47 ശതമാനം കുറഞ്ഞു. ഷാർജയിലെ വ്യാവസായിക മേഖലകളിലെ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഡ്രോണുകളുടെ ഉപയോഗം സഹായിച്ചെന്ന് സംരംഭത്തിന്റെ തലവൻ ലെഫ്റ്റനന്റ് കേണൽ ഹിലാൽ അബ്ദുല്ല അൽ സുവൈദി പറഞ്ഞു.കഴിഞ്ഞ 20 മാസമായി കേസുകളിൽ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ ഷാർജ പോലീസ് 100 ശതമാനം വിജയം നേടിയതായും അദ്ദേഹം പറഞ്ഞു.മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികളുടെ നീക്കങ്ങൾ ട്രാക്കുചെയ്യുന്നത് ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതിന് കാരണമായെന്നും ലെഫ്റ്റനന്റ് കേണൽ ചൂണ്ടിക്കാട്ടി.