വാർത്തകൾ ഇതുവരെ

എല്‍ദോസ് കുന്നപ്പിള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്കെതിരായ ഒരു അതിക്രമവും വച്ചുപൊറുപ്പിക്കില്ല. എല്‍ദോസില്‍ നിന്ന് വിശദീകരണം തേടുമെന്നും സതീശന്‍ പറഞ്ഞു. അന്തവിശ്വാസത്തിനെതിരെ നിയമം പാസാക്കണമെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദേശ യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

…………..

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കിയ കേസ് വാദം കേൾക്കാൻ സുപ്രീംകോടതി വിശാലബ ഞ്ചിലേക്ക് വിട്ടു. ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് വിശാലബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കർണാടക സർക്കാർ വ്യക്തമാക്കി.

………..

ഇന്നു ലോക കാഴ്ചദിനം. നേത്രപ്രശ്‌നങ്ങള്‍ തടയാനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കാനു അവബോധം സൃഷ്ടിക്കുന്നതിനാണ്് ലോകാരോഗ്യ സംഘടന ലോക കാഴ്ചദിനം ആചരിക്കുന്നത്.

………………

യുക്രൈനുമേലുള്ള റഷ്യയുടെ അധിനിവേശത്തില്‍ ശക്തമായ ഇടപെടലുമായി നാറ്റോ. റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയതോടെ യുക്രൈന് ആയുധ സഹായവുമായാണ് നാറ്റോ രംഗത്തെത്തിയിരിക്കുന്നത്. അത്യാധുനിക വ്യോമ പ്രതിരോധ ആയുധങ്ങളാണ് യുക്രൈന് നല്‍കുക. റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണ് നല്‍കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. UK, Canada, France , Netherlands എന്നീ രാജ്യങ്ങള്‍ റഡാറുകളും മിസൈലുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയും നേരത്തെ ആയുധ സഹായം നല്‍കിയിരുന്നു. ജര്‍മ്മനി അത്യാധുനിക യുദ്ധോപകരണങ്ങള്‍ യുക്രൈനില്‍ എത്തിച്ചു. നാറ്റോ സഹായത്തെ ചരിത്രപരം എന്നാണ് യുക്രൈന്‍ വിശേഷിപ്പിച്ചത്.

………..

അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങല്‍ ശക്തമാകുമ്പോഴും യുക്രൈനില്‍ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈന്‍ നഗരമായ മൈക്കൊലീവില്‍ റഷ്യ ഇന്നും മിസൈല്‍ ആക്രമണം നടത്തി. അഞ്ചുനില കെട്ടിടത്തിലാണ് മിസൈലുകള്‍ പതിച്ചത്. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി റഷ്യക്ക് എതിരെ ഇന്നലെ പ്രമേയം പാസാക്കിയതിന് ശേഷവും റഷ്യ ആക്രമണം തുടരുകയാണ്.

…………

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്ത് തായ് വാന്‍. രണ്ട് വര്‍ഷത്തിലധികമായി നിലനിന്ന അതിര്‍ത്തി നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതെ തുടര്‍ന്ന‍് തായവാനിലെ വിനോദ സഞ്ചാര മേഖല സജീവമായി തുടങ്ങി. ഇന്ന് 20 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ 250 ഓളം വിനോദ സഞ്ചാരികളെ രാജ്യത്ത് എത്തിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

…………….

യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അഞ്ച് ശതമാനംവരെ ശമ്പളവർദ്ധനവ് ഉണ്ടായെക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇ സമ്പദ്ഘടന മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തിയതാണ് ജീവനക്കാര്‍ക്ക് അനുകൂലമാകുന്നത്. വർഷത്തിന്‍റെ ആദ്യപാദത്തില്‍ 8.2 വളർച്ചയാണ് രേഖപ്പെടുത്തിയത്. 11 വർഷത്തിനിടെ ഏറ്റവും വേഗമേറിയ വളർച്ച നിരക്കാണിത്. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയിലും ജീവനക്കാർക്ക് ശമ്പള വർദ്ധനവിന് സാധ്യത തെളിയുന്നത്

…………….

പ്രൈം വോളിബോൾ രണ്ടാം സീസണിലേക്ക് പ്രഗൽഭ കളിക്കാരെ സ്വന്തമാക്കാൻ കൊൽക്കത്തയിൽ താരലേലം നടക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ, വെനസ്വല, ബ്രസീൽ, ക്യൂബ, പെറു, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒളിമ്പ്യന്മാരാണ് ലേലത്തിലെ മുഖ്യ ആകർഷണം. ഓരോ ടീമിനും രണ്ട് വിദേശ കളിക്കാരെ സ്വന്തമാക്കാം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന സീസൺ രണ്ടിൽ എട്ടു ടീമുകളാണ് അണിനിരക്കുക. മുംബൈ മിറ്റിയോർസാണ് ഇത്തവണത്തെ പുതിയ ടീം. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേര്‍സുമാണ് കേരളത്തില്‍ നിന്നുള്ള ടീമുകൾ. സീസണിലെ മൂന്നു കളിക്കാരെ നിലനിർത്താൻ ടീമുകൾക്ക് അനുവാദം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *