സര്‍ക്കാരുമായി പുതിയ യുദ്ധമുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നാണ് ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണര്‍ പദവിയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 24 നു കേരള വി.സിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.
……………..
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലിനെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
………….
താന്‍ ആര്‍എസ്എസ് ആണെന്ന് പരസ്യമായി പറഞ്ഞയാളാണ് കേരള ഗവര്‍ണറെന്നും അദ്ദേഹത്തിന്‍റെ ഉള്ളിലിരിപ്പ് എന്താണെന്ന് അറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
………..
ഗവര്‍ണര്‍ പിച്ചുംപേയും പറയുകയാണെന്നും ഈ ഭീഷണിയൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം നേതാവ് എം വി ജയരാജന്‍. ഗവര്‍ണറുടെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ഗവര്‍ണറുടെ നിയമ വുരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ മന്ത്രിമാരെ പുറത്താക്കുമെന്ന് പറയുന്നത് ശരിയല്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ഭരണഘടനയ്ക്ക് അനുസൃതമായാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
………….
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുക്കുന്നതിനായുള്ള, വോട്ടെടുപ്പ് പുരോഗമിക്കുന്നു. ദില്ലിയിലും വിവിധ സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ചിരിക്കുന്ന 68 ബൂത്തുകളിലാണ് വോട്ടെടുപ്പ്. രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തിയത്. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ഭാരത് ജോഡോ യാത്രയില്‍ സജ്ജീകരിച്ച ബൂത്തിലാണ് വോട്ടിട്ടത്.
………………
കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ ഭാരതം നന്നായിരിക്കു എന്ന് ശശി തരൂര്‍. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റത്തിനായാണ് താന്‍ മത്സരിക്കുന്നത്. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രതികരണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും താഴെതട്ടിലുള്ള ഘടകങ്ങളുടെ വലിയ പിന്‍തുണ തനിക്കുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
………………
ഇലന്തൂര്‍ നരബലികേസില്‍ പ്രതികളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാം ഘട്ട ചോദ്യം ചെയ്യലും തുടങ്ങി. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ കൂടി നിരത്തിയാണ് ചോദ്യം ചെയ്യുന്നത്.
……………
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകള്‍ ഉപരോധിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
…………….
എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന സമരം തുടരുന്നു. ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം ലഭിക്കുന്നത് വരെ സമരം തുടരാനാണ് ദയാബായിയുടെ തീരുമാനം.
………………
പത്തനംതിട്ട പ്രമാടത്ത് കറൻസി നോട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്ത്, ഇരുപത് രൂപയുടെ നോട്ടുകള്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
………………
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ ,ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കടുത്ത ദുരിതത്തില്‍. കടുത്ത വരള്‍ച്ചയും കൊടിയ പട്ടിണിയും മൂലം 8 മില്യന്‍ ജനങ്ങലാണ് ദുരിതം അനുഭവിക്കുന്നത്. പട്ടിണിയെ തുടര്‍ന്ന് രണ്ടുവയസുള്ള കുട്ടി മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ഭക്ഷ്യദിനമായ ഇന്നലെയാണ് പട്ടിണിമൂലം സൊമാലിയയില്‍ കുട്ടി മരിച്ചത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ ജിസിസി രാജ്യങ്ങളുടെ പ്രതിനിധി മജീദ് യഹിയ അഭ്യര്‍ത്ഥിച്ചു.
………..
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അറുന്നൂറ് കവിഞ്ഞു. 2 ലക്ഷം വീടുകള്‍ തകര്‍ന്നതായും 13 ലക്ഷത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സംസ്ഥാനങ്ങള്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ ആഘാദം വര്‍ദ്ധിപ്പിച്ചതെന്ന് ദുരന്തനിവാരണ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് ആരോപിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നൈജീരിയയെ ദുരിതത്തിലാക്കിയത്.
…………..
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയിൽ. 34,000 വീടുകള്‍ ഒറ്റപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിരവധി ടൗണുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ് . നീണ്ട വർഷങ്ങൾക്ക് ശേഷമാണ് വെള്ളപ്പൊക്കം ഓസ്ട്രേലിയൻ നഗരങ്ങളെ പ്രതിസന്ധിയിലാക്കിയത്. ആളപായം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ഓസ്ട്രേലിയൻ ഭരണകൂടം.
……………
യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ ഷെവ്ചെന്‍കിസ്കൈയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മേയര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്. യുക്രൈനില്‍ ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണം നടന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
……………
യുക്രൈനിലെ ഡോണ്‍ബാസ് പ്രവിശ്യയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. സോലെദാര്‍, ബാക്മുത് പ്രദേശങ്ങളിലാണ് യുക്കൈന്‍-റഷ്യന്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല മേഖലകളിലെയും യുക്രൈന്‍ മുന്നേറ്റങ്ങളെ തങ്ങൾ ചെറുത്തതായി റഷ്യ അവകാശപ്പെട്ടു. കീവിലെ മിസൈല്‍ ആക്രമണങ്ങള്‍ക്കൊപ്പമാണ് ഡോണ്‍ബാസ് പ്രവിശ്യയിലെ രൂക്ഷമായ ഏറ്റുമുട്ടല്‍.
………………
ഫുട്ബോളിലെ മികച്ച ബഹുമതിയായ ബാലണ്‍ഡിയോര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. റെയൽമാഡ്രിഡിന് വേണ്ടി കളിക്കുന്ന ഫ്രാൻസിന്‍റെ കരിംബെൻസിമക്കാണ് സാധ്യത. 17വർഷങ്ങൾക്കു ശേഷം ഇതാദ്യമായി സൂപ്പർ താരം ലയണൽ മെസ്സി ചുരുക്കപ്പെട്ടുകയിൽ ഇടം നേടിയിട്ടില്ല. ക്രിസ്ത്യാനോ റൊണാൾഡോ, സാദിയോ മാനേ, ഏർലിംഗ് ഹാളണ്ട്, മുഹമ്മദ് സല, റോബർട്ട് ലെവണ്ടോവ്സ്കി എന്നിവർ പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 46 കളിയിൽ നിന്നും 44 ഗോളുകളാണ് കരിം ബെൻസമ റെയിലിനായി നേടിയത്. ചാമ്പ്യൻസ് ലീഗ് , സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് ടീമിനെ നയിക്കുന്നതിൽ നിർണായ പങ്കുവഹിച്ചു. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബോൾ ആണ് പുരസ്കാരം നൽകുന്നത്.
………….
ടി-20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 6 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് സ്കോര്‍ ചെയ്തു. 57 റണ്‍സ് നേടിയ കെ എല്‍ രാഹുലും , 50 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് കരുത്ത് പകര്‍ന്നത്. ദിനേഷ് കാര്‍ത്തിക് 20ഉും വിരാട് കോലി 19ഉും റണ്‍സ് സ്കോര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് 20 ഓവറില്‍ 180 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ആരോണ്‍ ഫിഞ്ച് 76 റണ്‍സ് നേടിയെങ്കിലും ഓസീസിനെ രക്ഷിക്കാനായില്ല. മിച്ചല്‍ മാര്‍ഷ് 35 റണ്‍സും, ഗ്ലന്‍ മാക്സ് വെല്‍ 23 റണ്‍സുമാണ് നേടിയത്.