വാർത്തകൽ ചുരുക്കത്തിൽ

സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകള്‍ തിരിച്ചറിയാന്‍ ആപ്പിലൂടെ സാധിക്കും.

…………………………….

അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദ്ദേശം നല്‍കി. കുട്ടിയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്. കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്. കുട്ടിയുടെ സ്‌കൂളില്‍ സര്‍വ്വകക്ഷിയോഗം തുടങ്ങി. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അറിയിച്ചു.

…………………………….

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവര്‍ണറുടെ നടപടികള്‍ തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ എംപി എ.എം.ആരിഫ് ഗവര്‍ണറെ തിരികെ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ആരിഫ് നോട്ടിസില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പരസ്യമായി സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ഗവര്‍ണര്‍ തകര്‍ക്കുകയാണെന്നും നോട്ടിസില്‍ ആരിഫ് വ്യക്തമാക്കി.

…………………………….

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍നിന്ന് ചാന്‍സലര്‍ക്കെതിരേ വിമര്‍ശനമുണ്ടായത്. സര്‍വകലാശാല സെനറ്റിനേയും കോടതി വിമര്‍ശിച്ചു.

…………………………….

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് കെസിബിസിയുടെ പുതിയ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ദനിനാള്‍ മാര്‍ ബസേലിയോസ് വ്യക്തമാക്കി.

…………………………….

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. പൊക്കിള്‍ക്കൊടി പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്. സിസേറിയന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനത്തില്‍ താഴെയായിരുന്നു. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലായിരുന്നു അപര്‍ണയെന്നും ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം പറഞ്ഞു.

…………………………….

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൌരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. ജസ്റ്റിസ് ഹിമാ കൊഹ്ലി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇ ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും ഒടുവിലത്തെ കണക്ക് കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

…………………………….

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം. വ്യോമ മാര്‍ഗം എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. റോഡ് മാര്‍ഗം വരുന്നവര്‍ ബസിലാണെങ്കില്‍ പ്രത്യേക രജിസ്‌ട്രേഷന്റെ ആവശ്യമില്ല, സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ഈ മാസം 8 വരെ കാത്തിരിക്കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും എന്‍ട്രി പെര്‍മിറ്റിന് രജിസ്റ്റര്‍ ചെയ്യണം.

…………………………….

ആപ്പിള്‍ പേ സേവനം കുവൈത്തില്‍ ആരംഭിച്ചു. തുടക്കത്തില്‍ അഞ്ച് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാവുക. ആപ്പിള്‍ ഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ ആപ്പിള്‍ പേ ട്രയല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍ പേ കൂടി വരുന്നതോടെ കുവൈത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ സജീവമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

…………………………….

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മറന്നുള്ള പഠന രീതികള്‍ സ്‌കൂളുകളില്‍ വേണ്ടെന്ന് അബുദാബി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. വേഷം മുതല്‍ പാഠങ്ങള്‍ വരെ എല്ലാം രാജ്യതാല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം. വിദേശ സ്‌കൂളുകളാണെങ്കിലും യുഎഇയുടെ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും മാത്രം ഉപയോഗിക്കണം. സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗ രേഖയിലാണു ദേശീയത സംരക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം. മാര്‍ഗരേഖ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകും. ആദ്യ ഘട്ടമായി പിഴയീടാക്കാനാണു തീരുമാനം. 

Leave a Reply

Your email address will not be published. Required fields are marked *