സര്‍ക്കാര്‍ നടത്തുന്ന രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഓരോ ഘട്ടത്തിലും സര്‍ക്കാരിന് എവിടെയാണ് ചെറിയ ചെറിയ തെറ്റുകള്‍ പറ്റുന്നതെന്ന് കണ്ടെത്താന്‍ ഒരു സൂഷ്മദര്‍ശിനിയുമായി പിന്നാലെ നടന്ന് അത് പെരുപ്പിച്ച് കാട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചില്ല എന്നത് അഭിമാനത്തോടെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാം ഒറ്റക്കെട്ടായാണ് നാടിന്റെ ദുരന്തത്തെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും കാലതാമസമുണ്ടാകാതെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും കൽപറ്റയിൽ ടൗൺഷിപ്പിന്റെ തറക്കല്ലിടീൽ ചടങ്ങിൽ വി.ഡി. സതീശൻ വ്യക്തമാക്കി.
ജൂലൈ മുപ്പതിനാണ് ദുരന്തമുണ്ടായത്. ഇപ്പോള്‍ എട്ടു മാസമായി. പുനരധിവാസത്തില്‍ കാലതാമസമുണ്ടായിട്ടുണ്ട്. എട്ടു മാസമായി വാടക വീടുകളില്‍ താമസിക്കുന്നവര്‍ എങ്ങനെ ജീവിക്കുന്നു എന്നതു കൂടി നമ്മള് അറിയണം. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സാ സഹായം സംബന്ധിച്ച തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. പരിക്കേറ്റവര്‍ അവരുടെ കയ്യില്‍നിന്നോ കടം വാങ്ങിയോ പണം കണ്ടെത്തയല്ല ചികിത്സ നടത്തേണ്ടത്. അവരുടെ ചികിത്സ നടത്തിക്കൊടുക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
ഭക്ഷണ കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനവും കൃത്യമായി നടപ്പാക്കണം. എല്ലാവര്ക്കും വാടക നല്‍കണം. എല്ലാ ദിവസവും 300 രൂപയെന്ന തീരുമാനവും നടപ്പാക്കണം. കാരണം സ്വന്തമായി ഉപജീവനമില്ലാതെ, ജോലിക്കോ കൃഷി ചെയ്തോ ജീവിക്കാന്‍ സാധിക്കാത്തവരും വീട്ടിലെ വരുമാനമുണ്ടാക്കുന്ന ആളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവരാണിവര്‍. എല്ലാവര്ക്കും ഒരുമിച്ച് ജീവിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്.
ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനുമുള്ള മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് നടപ്പിലാക്കണം. ദുരന്തബാധിതരുടെ പട്ടിക തയാറാക്കുന്നതില്‍ ഉള്‍പ്പെടെ കാലതാമസമുണ്ടായിട്ടുണ്ട്. ഇനിയും കാലതാമസമുണ്ടാകാതെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കണം. മുഖ്യമന്ത്രി പറഞ്ഞതു പോലെ പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ച് പോയപ്പോള്‍ നമ്മള് കരുതിയത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകുമെന്നാണ്. എന്നാല്‍ അങ്ങനെ ഒരു സഹായം ഉണ്ടായില്ലെന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്.
വയനാട്ടിലെ മുന്‍ എം.പിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി എം.പി നൂറു വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വീടുകളും ഈ പദ്ധതിക്കൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധി കൂടി ഇടപെട്ടിട്ടാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൂറു വീടുകള്‍ വാഗ്ദാനം ചെയ്തത്. വാഗ്ദാനം നല്കിയ എല്ലാവരും അതു ചെയ്യുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.