വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയിൽ വ്യക്തത വരുത്തണമെന്നു കേന്ദ്രത്തോടു ഹൈക്കോടതി. മാർച്ച് 31നകം ഫണ്ട് വിനിയോഗിക്കണം എന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ പുനരധിവാസം മാർച്ച് 31നകം പൂർത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ സമയപരിധി സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്താമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു. റിക്കവറി നടപടികൾ ഇക്കാലയളവിൽ ഒഴിവാക്കണമെന്നു നിർദേശിക്കണമെന്നു സംസ്ഥാന സർക്കാരിനോടു കോടതി പറഞ്ഞു. 2026 ഫെബ്രുവരിയിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്നു സംസ്ഥാന സർക്കാർ മറുപടി നൽകി. വിഷയം മാർച്ച് 17ന് കോടതി വീണ്ടും പരിഗണിക്കും.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളുടെ പുനര്‍നിര്‍മാണത്തിനു സഹായത്തിനു പകരം പലിശരഹിത വായ്പയാണു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
16 പദ്ധതികള്‍ക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പ. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പണം അനുവദിച്ചത്.