വഖഫ് ഭേദഗതി ബിൽ; പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളമുണ്ടായി. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്.

ജയ് ശ്രീറാം വിളികൾക്കിടയിലായിരുന്നു വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ബിൽ സംബന്ധിച്ച് പ്രസ്താവന നടത്തുകയും ചെയ്തു. ബില്ലിൻമേൽ ചില പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ഇത് പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും പറഞ്ഞ അമിത് ഷാ ഇത് ഉൾപ്പെടുത്തുന്നതിൽ ഒരു വിരോധവുമില്ലെന്നും വ്യക്തമാക്കി.

എം.പി മേധ കുൽക്കർണിയാണ് രാജ്യസഭയിൽ റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ പിന്നീട് സഭയിൽ നിന്നും ഇറങ്ങിപ്പോയി. വ്യാജ റിപ്പോർട്ടുകളെ പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷയം വീണ്ടും ജെ.പി.സിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. ജെ.പി.സി റിപ്പോർട്ടിൽ പലരും അറിയിച്ച വിയോജിപ്പുകൾ ഉൾപ്പെട്ടിട്ടില്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ബുൾഡോസ് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *